Kerala
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ദ്വാരപാലക ശില്പം വില്ക്കാന് കടകംപള്ളി കൂട്ടുനിന്നെന്നാണ് വിമര്‍ശനം.
ദ്വാരപാലക ശില്പം ഒരു കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നും സതീശന് ആരോപിച്ചു. സ്വര്‍ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും സതീശന് വിമര്‍ശിച്ചു.
കോണ്‍ഗ്രസ് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരും. കട്ടളപ്പടിയും വാതിലും എല്ലാം അടിച്ചുകൊണ്ടുപോയി. ഇപ്രാവശ്യം അയ്യപ്പവിഗ്രഹം കൂടി കൊണ്ടുപോകാനായിരുന്നു പ്ലാന്‍ എന്നും സതീശന് പറഞ്ഞു.
പോലീസിനെ വിശ്വാസമില്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സര്‍ക്കാരിനോടല്ല പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്. ഉണ്ണികൃഷ്ണന് പോറ്റി കുടുങ്ങിയാല്‍ എല്ലാവരും കുടുങ്ങുമെന്നും വി.ഡി. സതീശന് പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇതിനു പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി.ഡി. സതീശൻ പറഞ്ഞു.
പ്രതിഷേധങ്ങൾക്കിടെ ചോദ്യോത്തര വേളയ്ക്ക് തടസം സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷം ബഹളം വച്ചു. ഇതിനു പിന്നാലെ, വിഷയം ചർച്ച ചെയ്യണമെങ്കിൽ നോട്ടീസ് നൽകണമെന്ന് സ്പീക്കർക്ക് വേണ്ടി എം.ബി. രാജേഷ് ആവശ്യപ്പെട്ടു.
തുടർന്ന്, പ്രതിപക്ഷത്തിന്റെ തുടർച്ചയായ പ്രതിഷേധത്തിൽ സ്പീക്കർ ക്ഷുഭിതനായി. ചൊവ്വാഴ്ച സഭയുടെ ഗാലറിയിൽ വിദ്യാർഥികൾ നിറഞ്ഞിരിക്കുമ്പോഴാണ് സ്പീക്കറുടെ മുഖം മറച്ചുകൊണ്ടുള്ള പ്രതിഷേധം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ബഹളത്തിനിടയിൽ "ചോർ ഹേ, ചോർ ഹേ, മുഴുവൻ ചോർ ഹേ' എന്ന് പ്രതിപക്ഷത്തെ മന്ത്രി വി. ശിവൻകുട്ടി ആക്ഷേപിക്കുകയും ചെയ്തു.
സഭ തടസപ്പെടുത്തി അതില്‍ ആഹ്ലാദം കണ്ടെത്തുകയാണ് പ്രതിപക്ഷമെന്ന് സേവ്യര്‍ ചിറ്റിലപ്പള്ളി പറഞ്ഞു. ലെവല്‍ ക്രോസ് പോലെ പ്രതിപക്ഷം വികസനം തടസപ്പെടുത്തുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. വിഷയത്തിലെ ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്ന് എന്ന് മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി. രാഷ്ട്രീയക്കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തോട് പറഞ്ഞത് തിങ്കളാഴ്ചയാണെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. അതേസമയം, സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിൽ വരെ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചതോടെ ചോദ്യത്തരവേള റദ്ദാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉത്തരവാദിത്തമേറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണം. ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ തന്നെ സർക്കാരിനും ദേവസ്വം ബോർഡിനും അറിയാവുന്ന വിഷയമാണ്. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. സർക്കാരും ദേവസ്വം ബോർഡും കള്ളക്കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും കുറ്റക്കാരാണ്. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്കിയ പിണറായി വിജയന്റെ കര്‍മ്മികത്വത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അയ്യപ്പ സംഗമത്തില്‍ തത്വമസിയെയും ഭഗവദ്ഗീതയെയും കുറിച്ച് പറഞ്ഞ പിണറായി വിജയന് നേരത്തെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അവഹേളിച്ചത് വിശ്വാസ സമൂഹം മറക്കില്ല. ശബരിമലയിലെ വിശ്വാസങ്ങളെ തകര്‍ക്കാനും ഭക്തരെ അപമാനിക്കാനും ശ്രമിച്ച പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും അതേ ശബരിമലയെയും അയ്യപ്പനെയും രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ദുരുപയോഗം ചെയ്തതിനുള്ള തിരിച്ചടി കേരളത്തിലെ ജനങ്ങള്‍ നല്‍കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഒഴിഞ്ഞ കസേരകള്‍ എഐ നിര്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സ്വയം അപഹാസ്യനാകരുതെന്നും സതീശൻ പറഞ്ഞു. സംഗമം ആഗോള വിജയമെന്നും ലോകപ്രശസ്തമായ വിജയമെന്നു പറഞ്ഞതിലൂടെ എം.വി ഗോവിന്ദന് പിണറായി വിജയനെ പരിഹസിച്ചതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകള്‍. സര്‍ക്കാര്‍ അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേര് പോലും സംഗമത്തിനെത്തിയില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ രാഷ്ട്രീയ നാടകം ബോധ്യപ്പെട്ടതു കൊണ്ടാണ് അയ്യപ്പ ഭക്തര്‍ സംഗമത്തോട് മുഖം തിരിച്ചത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും ഉദ്യോസ്ഥരുമാണ് സദസിലുണ്ടായിരുന്നതില് ഭൂരിഭാഗവും.
യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും വി.ഡി. സതീശൻ പ്രസ്താവനയിൽ ചോദിച്ചു.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പന്റെ നാലുകിലോ സ്വർണം അടിച്ചുമാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുത്തിട്ട് അനുമതി നിഷേധിച്ചു. ഹൈക്കോടതി അറിയാതെ സർക്കാരിലെ ചിലരും ദേവസ്വം ബോർഡിലെ ചിലരും ചേർന്നാണ് സ്വർണം കൊള്ളയടിച്ചതെന്നും അദേഹം ആരോപിച്ചു.
നാല് കിലോ സ്വർണം കൊള്ളയടിച്ചിട്ടാണ് നാളെ അയ്യപ്പസംഗമം നടത്തുന്നത്. അതിന് മുൻപ് സ്വർണം എവിടെപ്പോയെന്ന് കേരളത്തിലെ അയ്യപ്പഭക്തരോടും വിശ്വാസികളോടും പറയേണ്ട ബാധ്യത സർക്കാരിനുണ്ട്. സ്വർണം കൊള്ളയടിച്ചതിന്റെ പാപം മറക്കാനാണോ ഇപ്പോൾ അയ്യപ്പസംഗമം നടത്തുന്നതെന്ന് സംശയമുണ്ടെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
പോലീസ് അതിക്രമത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമർശനവുമായി മന്ത്രി എം.ബി. രാജേഷ്. കോടതിയോടും നിയമസഭയോടും പ്രതിപക്ഷം പരാക്രമം കാണിക്കുന്നെന്ന് മന്ത്രി കുറ്റപ്പെടുത്തി.
കോടതിയിൽ ഇരിക്കുന്ന വിഷയം സഭയ്ക്ക് പരിഗണിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവിന് വ്യക്തമായി അറിയാം. പ്രതിപക്ഷത്തിന് കൊതിക്കെറുവാണ്. അയ്യപ്പ സംഗമം കലക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതിന്റെ അതൃപ്തിയാണെന്നും മന്ത്രി പരിഹസിച്ചു.
മൂന്നുദിവസം അടിയന്തരപ്രമേയം ചർച്ച ചെയ്തതിന്റെ ക്ഷീണം പ്രതിപക്ഷത്തിനുണ്ട്. ഇന്ന് ഇരിക്കേണ്ടി വരുമോയെന്ന് പ്രതിപക്ഷത്തിന് ആശങ്കയാണ്. സഭയിൽ ആർഎസ്എസിന് ആളില്ലാത്തതിന്റെ കുറവ് പ്രതിപക്ഷ നേതാവ് തന്നെ ഏറ്റെടുത്തിരിക്കുന്നെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വർണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും അതിന്റെ തൂക്കം നാലു കിലോയോളം കുറഞ്ഞു എന്ന് കണ്ടെത്തിയതും വിശ്വാസ സമൂഹത്തിൽ കടുത്ത ആശങ്ക ഉണ്ടാക്കി എന്ന് വ്യക്തമാക്കിക്കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തര പ്രമേയം അനുവദിക്കാതിരുന്നതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
Kerala
അടൂർ: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലിലാണെന്നും അദ്ദേഹത്തെപ്പോലെ അഹങ്കാരത്തിനു കൈയും കാലുംവച്ച ഒരു നേതാവിനെ കണ്ടിട്ടില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടൂരിൽ എസ്എൻഡിപി യൂണിയൻ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായത്തിൽപെട്ടവർ അധികാരത്തിൽ വരണമെന്നതാണ് എസ്എൻഡിപിയുടെ ആഗ്രഹം. ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്നായപ്പോൾ ജാതി പറഞ്ഞ് അവരെ ആക്ഷേപിച്ചു. പിണറായിയെ ചെത്തുകാരന്റെ മകനെന്നു പറഞ്ഞ് ആക്ഷേപിച്ചപ്പോൾ താൻ ചെത്തുകാരന്റെ മകൻ തന്നെയാണെന്ന് ധൈര്യത്തോടെ പറഞ്ഞ പിണറായിയുടെ ഇമേജ് വർധിച്ചു വരുന്നത് അവരാരും മനസിലാക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവസമുദായത്തിൽ പെട്ടവർ കൂടുതലും തൊഴിലുറപ്പ് തൊഴിലാളികളാണ്. അതിനു മാറ്റമുണ്ടാകണം. ന്യൂനപക്ഷങ്ങൾക്കാണ് വാരിക്കോരി കൊടുക്കുന്നത്. എല്ലാ സമുദായത്തിൽ പെട്ടവർക്കും സാമൂഹ്യനീതി ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനെതിരായ പ്രതിപക്ഷ നിലപാടിനെ വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതലെല്ലാം കുറ്റമെന്ന അവസ്ഥയാണ് പ്രതിപക്ഷത്തിനെന്നും വി.ഡി. സതീശന്റെ ആയുധങ്ങളെല്ലാം ചീറ്റിപ്പോകുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
വി.ഡി. സതീശന് ഒരു വിലയും ഇല്ലായായിരിക്കുന്നു. അതാണ് രാഹുൽ മാങ്കൂട്ടത്തിൽ പോലും സഭയിലെത്താൻ കാരണം. കോണ്‍ഗ്രസിൽ സതീശന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സംഗമങ്ങള്‍ നടക്കുന്നത് നല്ല കാര്യമാണ്. എന്നാൽ, അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടക്കുന്ന വിശ്വാസ സംഗമത്തിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്നും ജനാധിപത്യ കേരളമാണെന്നും സതീശൻ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പറഞ്ഞു.
കുന്നംകുളം, പീച്ചി, പേരൂർക്കട സംഭവങ്ങൾ നിരത്തിക്കൊണ്ടായിരുന്നു സതീശന്റെ പ്രതികരണം.
മുഖ്യമന്ത്രി സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ ചോദ്യം ചെയ്യുമെന്ന പറഞ്ഞ സതീശൻ, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും ആവശ്യപ്പെട്ടു.
പോലീസിലെ ഏറാൻമൂളികൾക്ക് സർക്കാർ പ്രോത്സാഹനം കൊടുക്കുകയാണ്. വൃത്തികേടുകൾക്ക് മുഴുവൻ പോലീസ് കൂട്ടുനിൽക്കുന്നു. ഏരിയാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പോലീസിന് പേടിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ ചോദ്യം ചെയ്യും. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുന്നംകുളം കേസിലെ ഉത്തരവാദികളായ പോലീസുകാരെ സർവീസിൽ നിന്നു പുറത്താക്കുന്നതു വരെ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗികള്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ പരമാവധി സൗജന്യ ചികിത്സ നല്‍കുകയാണ്. ഉപകരണങ്ങള്‍ വാങ്ങിപ്പിക്കുന്നത് സര്‍ക്കാര്‍ നയമല്ല.
ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായെന്നും ഇത് സംബന്ധിച്ചുള്ള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലസത്തെ അപേക്ഷിച്ച് മികച്ച പ്രവര്‍ത്തനമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യമേഖലയെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ നിയമസഭയില്‍ പറഞ്ഞത്.
അതേസമയം ആരോഗ്യമേഖലയിലെ സിസ്റ്റത്തിന്റെ പ്രശ്നം ഇതുവരെ പരിഹരിച്ചില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചോദിച്ചു. ആരോഗ്യവകുപ്പിന് കപ്പിത്താനില്ലാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്കുള്ള പഞ്ഞി വരെ രോഗികള്‍ വാങ്ങി നല്‍കേണ്ട അവസ്ഥയാണ്. രോഗികളെ സര്‍ക്കാര്‍ ചൂഷണത്തിന് വിട്ടുകൊടുക്കുകയാണ്. പത്ത് വര്‍ഷം മുന്‍പത്തെ യുഡിഎഫ് ഭരണകാലവുമായി താരതമ്യം ചെയ്യുന്നതിനെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
മന്ത്രി പറയുന്ന കാര്യങ്ങള്‍ ആനമണ്ടത്തരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് പ്രകോപിതനായി എന്തെല്ലാമോ വിളിച്ച് പറയുന്നുവെന്നും മുതിർന്ന നേതാക്കളുടെ വരെ അഭിപ്രായം കേട്ട് പ്രതികരിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് പ്രതിപക്ഷ നേതാവിന്റേത്. അദ്ദേഹത്തിന്റെ പ്രതികരണം സമൂഹം നല്ലതുപോലെ ശ്രദ്ധിക്കും. ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കോണ്‍ഗ്രസിനകത്ത് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അതൊന്നും മറ്റൊരു രീതിയിലല്ല. വികാരം പ്രകടിപ്പിക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാന്യതയും ധാര്മികതയുമുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.
പലതിന്റെയും ബാധ്യതയായി ഒരാളെ സംരക്ഷിക്കുന്ന നില പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ. അദ്ദേഹം പ്രകോപിതനാവുകയാണ്. എന്തെല്ലാമോ വിളിച്ചുപറയുന്നു. അങ്ങനെയൊരു നിലയിലേക്ക് അദ്ദേഹത്തെപ്പോലൊരാള്‍ പോകാന്‍ പാടില്ല. വിഷയത്തില്‍ തന്റെ പാര്‍ട്ടില്‍പ്പെട്ട മുതിര്‍ന്ന നേതാക്കള്‍ എന്തുകൊണ്ട് അഭിപ്രായംപറഞ്ഞുവെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത് മാതൃകാപരവും ധീരവുമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കളുമായും ആലോചിച്ചു. തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്ത് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. പുറത്താക്കുകയല്ല മാറ്റിനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം നടപടിക്രമങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കും. രാഹുല്‍ രാജിവയ്ക്കുമെന്ന് ആരെങ്കിലും നേരത്തെ പറഞ്ഞിരുന്നോയെന്നും സതീശന് മാധ്യമങ്ങളോട് ചോദിച്ചു.
ഏറ്റവും പ്രധാനപ്പെട്ട ആൾക്കെതിരേയാണ് നടപടിയെടുത്തത്. ഞങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള ഏറ്റവും ബന്ധമുള്ള പാർട്ടിയുടെ മുൻനിരയിൽ നിൽക്കുന്ന ഒരാളെ രക്ഷപ്പെടുത്താൻ ഒരു ശ്രമവും നടത്താതെ ഒരു പരാതിയും ഇല്ലാതെ സ്ത്രീയുടെ അഭിമാനം സംരക്ഷിക്കാനാണ് കോൺഗ്രസ് ഈ തീരുമാനം എടുത്തത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അത് അടയാളപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ട് ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്രയും നിശ്ചയദാര്‍ഢ്യത്തോടും കാര്‍ക്കശ്യത്തോടും കൂടി ഒരു തീരുമാനമെടുക്കുന്നത്. ഈ നടപടി സ്ത്രീകളോടുള്ള കോൺഗ്രസിന്റെ ബഹുമാനവും ആദരവുമാണ്.
ഒരു പരാതിയും ഞങ്ങളുടെ കയ്യിലില്ല. ഒരു തെളിവും പാര്‍ട്ടിയുടെ പക്കലില്ല. എന്നിട്ടും 24 മണിക്കൂറിനകം അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദം രാജിവെച്ചു. പാര്‍ട്ടി ആ വിഷയം ഗൗരവമായി പരിശോധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധാര്‍മികതയെക്കുറിച്ച് പറയാന്‍ സിപിഎമ്മിന് ഒരു അവകാശവുമില്ല. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന ആളുകളുടെ പാര്‍ട്ടിയിലുള്ളവരുടെ പല കേസുകളിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുപോലും അവിടെത്തന്നെ ഇരിക്കുകയല്ലേ. മുഖ്യമന്ത്രിയുടെ ഓഫീസ് തൊട്ട് ഇത്തരക്കാര്‍ ഇരിക്കുന്നില്ലേ. എന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ധൈര്യപ്പെടുമോയെന്നും സതീശന് ചോദിച്ചു.
ഉമ തോമസ് അവരുടെ അഭിപ്രായം തുറന്നു പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിവച്ചത് സിപിഎമ്മാണ്. ഒരു സ്ത്രീ പോലും സൈബറിടത്തില്‍ ആക്രമിക്കപ്പെടരുത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് മനോരോഗമാണ്. അത് അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.